TIRHKOHTE 22:4-16

TIRHKOHTE 22:4-16 MALCLBSI

പുരുഷന്മാരെയും സ്‍ത്രീകളെയും പിടിച്ചുകെട്ടി കാരാഗൃഹത്തിലേല്പിച്ചും കൊലയ്‍ക്കു കൊടുത്തും, ഈ മാർഗത്തെ ഞാൻ ദ്രോഹിച്ചുവന്നു. മഹാപുരോഹിതനും ജനപ്രമുഖന്മാരുടെ സംഘം മുഴുവനും അതിനു സാക്ഷികളാണ്. അവരിൽനിന്നു ദമാസ്കസിലുള്ള സഹോദരന്മാർക്കു കത്തുകൾ വാങ്ങിക്കൊണ്ട്, അവിടെ പാർക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമിൽ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാൻ പുറപ്പെട്ടു. “അങ്ങനെ ഞാൻ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോൾ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാൻ കേട്ടു. ‘കർത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ’ എന്നായിരുന്നു മറുപടി. എന്റെകൂടെയുണ്ടായിരുന്നവർ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്റെ ശബ്ദം കേട്ടില്ല, ഞാൻ ചോദിച്ചു: ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്?’ അപ്പോൾ കർത്താവ് എന്നോട് അരുൾചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’ ആ പ്രകാശത്തിന്റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാൻ പാടില്ലാതെയായി. അതുകൊണ്ട് എന്റെകൂടെ ഉണ്ടായിരുന്നവർ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാൻ ദമാസ്കസിലെത്തി. “തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തൽക്ഷണം ഞാൻ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു. അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേൾക്കുവാനും, അവിടുന്നു താങ്കളെ മുൻകൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു; താങ്കൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് സകലരുടെയും മുമ്പിൽ താങ്കൾ അവിടുത്തെ സാക്ഷിയായിരിക്കും. ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’

TIRHKOHTE 22 വായിക്കുക