TIRHKOHTE 2:38-47

TIRHKOHTE 2:38-47 MALCLBSI

പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുക; അപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചുചേർക്കുന്ന വിദൂരസ്ഥരായ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.” മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയിൽനിന്നു നിങ്ങൾ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവർ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകൾ അവരുടെകൂടെ ചേർന്നു. അവർ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങൾ കേൾക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാർഥനയിലും നിരന്തരമായി സർവാത്മനാ പങ്കെടുത്തുപോന്നു. അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു. വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവർക്കുള്ള സർവസ്വവും പൊതുവകയായി എണ്ണുകയും, തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു. അവർ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തിൽ വന്നുകൂടിയിരുന്നു. വീടുകൾതോറും അവർ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാർഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും, ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കർത്താവു ദിനംതോറും അവരുടെ സംഘത്തിൽ ചേർത്തുകൊണ്ടിരുന്നു.

TIRHKOHTE 2 വായിക്കുക