TIRHKOHTE 17:1-9
TIRHKOHTE 17:1-9 MALCLBSI
അവർ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. “ഞാൻ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു. ഇത് യെഹൂദന്മാരിൽ അമർഷം ഉളവാക്കി. അവർ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയിൽ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവർ യാസോൻ എന്ന ആളിന്റെ വീട് ആക്രമിച്ചു. എന്നാൽ അവരെ അവിടെ കാണാഞ്ഞതിനാൽ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പിൽ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും വന്നിരിക്കുന്നു. യാസോൻ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവർ കൈസറിന്റെ കല്പനകൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നിങ്ങനെ അവർ ആക്രോശിച്ചു. ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. ഒടുവിൽ അധികാരികൾ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തിൽ വിട്ടയച്ചു.

