TIRHKOHTE 14:8-18
TIRHKOHTE 14:8-18 MALCLBSI
ലുസ്ത്രയിൽ കാലിനു സ്വാധീനമില്ലാത്ത ഒരാൾ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാൾ ഒരിക്കലും നടന്നിട്ടില്ല. അയാൾ പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു കാലൂന്നി നിവർന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തിൽ ആജ്ഞാപിച്ചു. ഉടനെ അയാൾ ചാടിയെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു കണ്ടപ്പോൾ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയിൽ ശബ്ദമുയർത്തി പറഞ്ഞു. അവർ ബർനബാസിനെ സീയൂസ് അഥവാ ഇന്ദ്രൻ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെർമിസ് അഥവാ ബുധൻ എന്നും വിളിച്ചു. പട്ടണത്തിന്റെ മുൻഭാഗത്ത് സീയൂസിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേർന്ന് അവർക്കു ബലിയർപ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും. അപ്പോസ്തോലന്മാരായ പൗലൊസും ബർനബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു. “ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. സകല ജനതകളെയും തങ്ങൾക്കിഷ്ടമുള്ള മാർഗങ്ങളിൽ ജീവിക്കുവാൻ പൂർവകാലങ്ങളിൽ ദൈവം അനുവദിച്ചു. എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാൽ ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങൾക്കു നല്‌കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങൾ നിങ്ങൾക്കു നല്‌കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങൾക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തിൽനിന്ന് അവർ ജനങ്ങളെ പണിപ്പെട്ട് പിൻതിരിപ്പിച്ചു.

