അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബർനബാസ്, നീഗർ എന്നു വിളിച്ചിരുന്ന ശിമോൻ, കുറേനക്കാരനായ ലൂക്യോസ്, ഇടപ്രഭുവായ അന്തിപ്പാസിനോടുകൂടി വളർത്തപ്പെട്ട മനയേൻ, ശൗൽ എന്നിവരുണ്ടായിരുന്നു. അവർ ഉപവസിച്ചു കർത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ “ഞാൻ ബർനബാസിനെയും ശൗലിനെയും പ്രത്യേക വേലയ്‍ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേർതിരിക്കുക” എന്നു പരിശുദ്ധാത്മാവിന്റെ അരുളപ്പാടുണ്ടായി. അവർ ഉപവസിച്ചു പ്രാർഥിച്ച് ശൗലിന്റെയും ബർനബാസിന്റെയുംമേൽ കൈകൾ വച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവിന്റെ നിയോഗമനുസരിച്ച് അവർ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പൽകയറി സൈപ്രസ്ദ്വീപിലേക്കും പോയി. സലമീസിൽ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയിൽ യോഹന്നാൻ അവരുടെ സഹായി ആയിരുന്നു. അവർ സൈപ്രസ്ദ്വീപിൽ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോൾ ബർയേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാൾ ഒരു കള്ളപ്രവാചകനായിരുന്നു. സെർഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാൾ കഴിഞ്ഞിരുന്നത്. ബർനബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേൾക്കുവാൻ ദേശാധിപതി ആഗ്രഹിച്ചു. എന്നാൽ മാന്ത്രികനായ എലീമാസ്-ഗ്രീക്കിൽ എലീമാസ് എന്ന പേരിന്റെ അർഥം മാന്ത്രികൻ എന്നാണ്. അവരെ എതിർക്കുകയും വിശ്വാസം സ്വീകരിക്കുന്നതിൽനിന്നു ദേശാധിപതിയെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗൽ പരിശുദ്ധാത്മാവിന്റെ പൂർണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “ഹേ, പിശാചിന്റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്റെ നേർവഴികൾ വക്രമാക്കുന്നതിൽനിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്റെ കൈ നിന്റെമേൽ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.” തൽക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുൾ അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാൾ മറ്റുള്ളവരുടെ സഹായം തേടി. ദേശാധിപതി ഇതു കണ്ടപ്പോൾ കർത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തിൽ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
TIRHKOHTE 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 13:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ