കൈസര്യയിൽ കൊർന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ദൈവഭക്തനായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധർമങ്ങൾ ചെയ്യുകയും നിരന്തരമായി പ്രാർഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊർന്നല്യോസ്. ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ഒരു ദൈവദൂതൻ തന്റെ അടുക്കൽ വരുന്നത് ദർശനത്തിൽ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതൻ “കൊർന്നല്യോസേ” എന്നു വിളിച്ചു. ഭയപരവശനായിത്തീർന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതൻ പറഞ്ഞു: “താങ്കളുടെ പ്രാർഥനയും ദാനധർമങ്ങളും ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക; കടൽത്തീരത്ത് തുകൽ ഊറയ്‍ക്കിടുന്ന ശിമോൻ എന്നൊരാളിന്റെ കൂടെയാണ് അദ്ദേഹം പാർക്കുന്നത്.” തന്നോടു സംസാരിച്ച ദൂതൻ പോയിക്കഴിഞ്ഞ്, കൊർന്നല്യോസ് തന്റെ ഭൃത്യന്മാരിൽ രണ്ടു പേരെയും, തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോൾ, പത്രോസ് മധ്യാഹ്നസമയത്തെ പ്രാർഥനയ്‍ക്കായി വീടിന്റെ മട്ടുപ്പാവിലേക്കു കയറിപ്പോയി. അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയിൽ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പൽപായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു. അതിൽ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു. “പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു. എന്നാൽ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കർത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.” രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.” ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. ഈ ദർശനത്തിന്റെ അർഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച ആളുകൾ ശിമോൻ പാർക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി. “പത്രോസ് എന്നു പേരുള്ള ശിമോൻ ഇവിടെയാണോ പാർക്കുന്നത്?” എന്ന് അവർ ചോദിച്ചു. പത്രോസ് ആ സമയത്തും ദർശനത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോൾ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേർ നിന്നെ അന്വേഷിക്കുന്നു; താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാൻ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.” പത്രോസ് അവരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആൾ; നിങ്ങൾ എന്തിനാണു വന്നത്?” എന്നു ചോദിച്ചു. അവർ പറഞ്ഞു: “കൊർന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകൾ കേൾക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.” പത്രോസ് അവരെ തന്റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടിൽ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോൾ അവിടെ ഒട്ടേറെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവർഗക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവരെ സന്ദർശിക്കുന്നതും യെഹൂദന്മാർക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആളയച്ചപ്പോൾ യാതൊരു എതിരും പറയാതെ ഞാൻ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോൾ കൊർന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാൻ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാർഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുമ്പിൽ നില്‌ക്കുന്നതായി ഞാൻ കണ്ടു. ‘കൊർന്നല്യോസേ, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ ദാനധർമങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു; നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോൻ എന്ന ആളിന്റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂർവം വരികയും ചെയ്തു. കർത്താവിൽനിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേൾക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നത്.” അപ്പോൾ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയിൽപ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കർത്താവായ യേശുക്രിസ്തുവിൽകൂടി സമാധാനത്തിന്റെ സദ്‍വാർത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേൽജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങൾ അറിയുന്നുവല്ലോ.
TIRHKOHTE 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 10:1-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ