2 THESALONIKA 3:1-9

2 THESALONIKA 3:1-9 MALCLBSI

അവസാനമായി സഹോദരരേ, നിങ്ങളുടെ ഇടയിൽ എന്നപോലെ കർത്താവിന്റെ സന്ദേശം എങ്ങും അതിശീഘ്രം പ്രചരിച്ചു വിജയം വരിക്കുന്നതിനും, അധർമികളും ദുഷ്ടന്മാരുമായ ആളുകളിൽനിന്നു ഞങ്ങൾ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങൾ പ്രാർഥിക്കുക; എല്ലാവരും കർത്താവിന്റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ. എന്നാൽ കർത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്റെ പിടിയിൽപെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ഞങ്ങൾ പറയുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂർണമായ ഉറപ്പ് കർത്താവിന്റെ കൃപയാൽ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും ദൈവത്തിന്റെ സ്നേഹത്തിലേക്കും കർത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ. സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങൾ നല്‌കിയ പ്രബോധനങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനിൽനിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. ഞങ്ങൾ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ അലസരായിരുന്നില്ല. ആരിൽനിന്നും ഞങ്ങൾ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങൾ കഠിനമായി അധ്വാനിച്ചു. ഞങ്ങൾ ആർക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു. നിങ്ങളുടെ സഹായം ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങൾ അനുകരിക്കത്തക്കവിധം നിങ്ങൾക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്.

2 THESALONIKA 3 വായിക്കുക