2 PETERA 2:10-22

2 PETERA 2:10-22 MALCLBSI

പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാൽ ആസക്തരായി ദൈവത്തിന്റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാൾവരെ സൂക്ഷിക്കുവാനും കർത്താവിന് അറിയാം. ധാർഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടർ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാൻ ശങ്കിക്കുന്നില്ല. അതേസമയം അവരെക്കാൾ ബലവും ശക്തിയും ഏറിയ മാലാഖമാർപോലും കർത്താവിന്റെ സന്നിധിയിൽ, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യർ വന്യമൃഗങ്ങളെപ്പോലെയാണ്; അവയെ മനുഷ്യർ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യർ പ്രാകൃതവാസനയനുസരിച്ചു വർത്തിക്കുന്നു. തങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവർ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങൾക്കു നേരിടുന്ന നാശം അവർക്കും സംഭവിക്കും. തങ്ങളുടെ അധർമത്തിന്റെ ഫലം അവർ അനുഭവിക്കും. പട്ടാപ്പകൽ തിന്നുകുടിച്ചു പുളയ്‍ക്കുന്നതിൽ അവർ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസൽക്കാരങ്ങളിൽ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടർ സമൂഹത്തിനു കറയും കളങ്കവുമാണ്. അവരുടെ കണ്ണുകൾ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാൻ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവർ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാൻ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു. അവർ ശാപത്തിന്റെ സന്തതികൾ! അവർ നേരായ മാർഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴി പിന്തുടരുകയും ചെയ്യുന്നു. ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു. എന്നാൽ അയാളുടെ പാപത്തിനു ശക്തമായ താക്കീതു കിട്ടി. സംസാരശേഷി ഇല്ലാത്ത കഴുത മനുഷ്യസ്വരത്തിൽ സംസാരിച്ച്, ആ പ്രവാചകന്റെ ഭ്രാന്തിനു കടിഞ്ഞാണിട്ടു. ഈ മനുഷ്യർ വറ്റിയ നീരുറവുകളും കൊടുങ്കാറ്റിൽ പറന്നുപോകുന്ന മേഘങ്ങളുംപോലെ ആകുന്നു. അന്ധകാരത്തിന്റെ അടിത്തട്ടിലുള്ള സ്ഥലം അവർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. വഴിപിഴച്ചു ജീവിക്കുന്നവരിൽനിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവർ വശീകരിക്കുന്നു. തങ്ങൾതന്നെ വിനാശത്തിനു വിധേയരായിരിക്കെ, അവർ മറ്റുള്ളവർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഒരുവനെ ഏതൊന്നു പരാജയപ്പെടുത്തുന്നുവോ, അതിന് അവർ അടിമയാകുന്നു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞ് ലോകത്തിന്റെ മാലിന്യത്തിൽനിന്നു രക്ഷപെട്ടശേഷം, പിന്നെയും അതിൽ കുടുങ്ങി അതിന്റെ അധികാരത്തിൽ അമർന്നുപോകുന്നപക്ഷം അങ്ങനെയുള്ളവരുടെ അവസ്ഥ ആദ്യത്തേതിനെക്കാൾ ദയനീയമായിരിക്കും. നീതിയുടെ മാർഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയിൽനിന്നു പിന്തിരിയുന്നതിനെക്കാൾ അവർ ആ മാർഗം അറിയാതിരിക്കുകയായിരുന്നു നല്ലത്. ‘നായ് ഛർദിച്ചതുതന്നെ തിന്നുന്നു’ ‘കുളികഴിഞ്ഞ പന്നി വീണ്ടും ചെളിയിൽ കിടന്ന് ഉരുളുന്നു’. ഈ പഴഞ്ചൊല്ല് ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം യഥാർഥമായിത്തീർന്നിരിക്കുന്നു.

2 PETERA 2 വായിക്കുക