2 JOHANA 1:1-10

2 JOHANA 1:1-10 MALCLBSI

തിരഞ്ഞെടുക്കപ്പെട്ട മാന്യമഹതിക്കും, അവരുടെ മക്കൾക്കും, സഭാമുഖ്യനായ ഞാൻ എഴുതുന്നത്: നിങ്ങളെ ഞാൻ മാത്രമല്ല സത്യത്തെ അറിയുന്ന എല്ലാവരും യഥാർഥമായി സ്നേഹിക്കുന്നു. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടി എന്നേക്കും ഉണ്ടായിരിക്കുന്നതുമായ സത്യത്തെ മുൻനിറുത്തിയാണ് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നത്. പിതാവായ ദൈവത്തിൽനിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽനിന്നും കൃപയും കരുണയും സമാധാനവും സത്യത്തോടും സ്നേഹത്തോടുമൊപ്പം നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ. പിതാവു കല്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മക്കളിൽ ചിലർ സത്യത്തെ പിന്തുടരുന്നതുകൊണ്ട് ഞാൻ അത്യന്തം ആനന്ദിച്ചു. അല്ലയോ മഹതീ, നമ്മളെല്ലാവരും അന്യോന്യം സ്നേഹിക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല ഞാൻ എഴുതുന്നത്. ഇത് ആദിമുതലുള്ള കല്പനയാണ്. നാം അവിടുത്തെ കല്പനകൾ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതൽ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തിൽ വ്യാപരിക്കണം എന്നതാണു ദൈവത്തിന്റെ കല്പന. യേശുക്രിസ്തു മനുഷ്യനായി വന്നു എന്നു സമ്മതിക്കാത്ത വഞ്ചകർ ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവൻ വഞ്ചകനും ക്രിസ്തുവൈരിയുമാകുന്നു. നിങ്ങൾ ഏതൊന്നിനുവേണ്ടി പ്രയത്നിച്ചുവോ ആ പ്രയത്നം വിഫലമാകാതെ പൂർണപ്രതിഫലം ലഭിക്കേണ്ടതിനു സൂക്ഷിച്ചുകൊള്ളുക. ക്രിസ്തുവിന്റെ പ്രബോധനത്തിൽ വേരൂന്നി നില്‌ക്കാതെ മുന്നോട്ടു പോകുന്നവൻ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനില്‌ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും. ഈ പ്രബോധനവും കൊണ്ടല്ലാതെ വരുന്ന ഒരുവനെ വീട്ടിൽ സ്വീകരിക്കുകയോ, അഭിവന്ദനം ചെയ്യുകയോ അരുത്.

2 JOHANA 1 വായിക്കുക