2 CHRONICLE 7:11-22

2 CHRONICLE 7:11-22 MALCLBSI

ശലോമോൻ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും പണിതുതീർത്തു; ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീർത്തു. പിന്നീട് സർവേശ്വരൻ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ പ്രാർഥന ഞാൻ കേട്ടു. എനിക്കു യാഗം അർപ്പിക്കുന്നതിനുള്ള ആലയമായി ഞാൻ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതിരിക്കാൻ ഞാൻ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാൻ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്റെ ജനത്തിനിടയിൽ മഹാമാരി വരുത്തുകയോ ചെയ്യുമ്പോൾ, എന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാർഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. ഇവിടെനിന്ന് ഉയരുന്ന പ്രാർഥനകളിലേക്ക് എന്റെ കണ്ണും കാതും തുറന്നിരിക്കും. എന്റെ നാമം ഇവിടെ എന്നേക്കും നിലനിർത്തുന്നതിനുവേണ്ടി ഈ ആലയം ഞാൻ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്റെ ദൃഷ്‍ടിയും എന്റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും. നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ മുൻപാകെ ജീവിക്കുകയും എന്റെ കല്പനകൾ അനുസരിക്കുകയും ഞാൻ നിനക്കു നല്‌കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരുവൻ ഇല്ലാതെ വരികയില്ല എന്നു നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്റെ സിംഹാസനം ഞാൻ സുസ്ഥിരമാക്കും. എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ്, ഞാൻ നിങ്ങൾക്കു നല്‌കിയ എന്റെ ചട്ടങ്ങളും നിയമങ്ങളും ത്യജിച്ച് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താൽ ഞാൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന ദേശത്തുനിന്നു നിങ്ങളെ പിഴുതെറിയും. എനിക്കുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ആലയം ഞാൻ നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയിൽ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും. മഹത്തായ ഈ ആലയത്തിന്റെ മുമ്പിലൂടെ കടന്നുപോകുന്നവർ അദ്ഭുതപ്പെട്ടു “സർവേശ്വരൻ ഈ ദേശത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തത് എന്ത് എന്നു ചോദിക്കും. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവർക്ക് ഈ അനർഥമെല്ലാം വരുത്തിയത് എന്ന് അവർ പറയും.”

2 CHRONICLE 7 വായിക്കുക