2 CHRONICLE 6:1-11

2 CHRONICLE 6:1-11 MALCLBSI

ശലോമോൻ പറഞ്ഞു: “താൻ കൂരിരുട്ടിൽ വസിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുണ്ട്. എങ്കിലും അവിടുത്തേക്കു നിത്യമായി പാർക്കാൻ വിശിഷ്ടമായ ഒരു ആലയം ഞാൻ പണിതിരിക്കുന്നു.” അവിടെ കൂടിയിരുന്ന ഇസ്രായേൽജനമെല്ലാം എഴുന്നേറ്റു നില്‌ക്കയായിരുന്നു. രാജാവ് അവരെ ആശീർവദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തിൽനിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമത്തിൽ ഒരു ആലയം പണിയുവാൻ ഇസ്രായേൽഗോത്രങ്ങളിലെ ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ആരെയും നിയമിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോൾ എന്റെ നാമം നിലനിർത്താൻ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിൽ ഒരു ആലയം പണിയാൻ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ; എന്നാൽ നീ ആലയം പണിയരുത്; നിനക്കു ജനിക്കാൻ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തിൽ ആലയം പണിയുക!’ “സർവേശ്വരൻ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഞാൻ ഉയർത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം നിർമ്മിച്ചുമിരിക്കുന്നു. ഇസ്രായേൽജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.”

2 CHRONICLE 6 വായിക്കുക