ഇതിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവൻ അഹംഭാവംകൊണ്ടു ചീർത്തവനും അജ്ഞനുമാകുന്നു. അവൻ വിവാദങ്ങളിലേർപ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾ ഉൾക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു. ദുർബുദ്ധികളും സത്യമില്ലാത്തവരും ആയവർ തമ്മിൽ നിരന്തരമായ തർക്കങ്ങൾ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു. ഒരുവൻ തനിക്കുള്ളതിൽ സംതൃപ്തനായിരിക്കുന്നെങ്കിൽ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്; എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാൻ സാധ്യവുമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അതു നമുക്ക് ധാരാളം മതി. ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മനുഷ്യനായ നീ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക.
1 TIMOTHEA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 TIMOTHEA 6:3-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ