ഒരിക്കൽ ശൗലിന്റെ പിതാവായ കീശിന്റെ കഴുതകൾ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാൻ അയാൾ ശൗലിനോടു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല. സൂഫ്ദേശത്തെത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.” അപ്പോൾ ഭൃത്യൻ പറഞ്ഞു: “ഈ പട്ടണത്തിൽ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാൾ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.” ശൗൽ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീർന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാൻ നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ.” ഭൃത്യൻ പറഞ്ഞു: “എന്റെ കൈവശം കാൽ ശേക്കെൽ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.” (“പണ്ട് ഇസ്രായേലിൽ സർവേശ്വരഹിതം അറിയാൻ പോകുമ്പോൾ ‘നമുക്കു ദർശകന്റെ അടുക്കൽ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദർശകൻ എന്നാണു വിളിച്ചിരുന്നത്.”) ശൗൽ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവർ ദൈവപുരുഷന്മാർ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി. പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരാൻ പോകുന്ന യുവതികളെ കണ്ട് അവരോടു “ദർശകൻ അവിടെയുണ്ടോ” എന്ന് അവർ ചോദിച്ചു. “ഉണ്ട്” എന്ന് അവർ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിൻ; അദ്ദേഹം പട്ടണത്തിൽ എത്തിയതേയുള്ളൂ. പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗമുണ്ട്. പട്ടണത്തിൽ പ്രവേശിച്ചാലുടൻ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങൾക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാം.” അവർ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവർ അവിടെ കണ്ടു. ശൗൽ വരുന്നതിന്റെ തലേദിവസം സർവേശ്വരൻ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ നിന്റെ അടുക്കൽ ഞാൻ അയയ്‍ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു.” ശമൂവേൽ ശൗലിനെ കണ്ടപ്പോൾ സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ നിന്നോടു പറഞ്ഞ ആൾ ഇവനാകുന്നു; എന്റെ ജനത്തെ ഭരിക്കേണ്ടവൻ ഇവൻതന്നെ.” അപ്പോൾ ശൗൽ പട്ടണവാതില്‌ക്കൽ ശമൂവേലിന്റെ അടുക്കൽ ചെന്നു “ദർശകന്റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു; ശമൂവേൽ പറഞ്ഞു: “ഞാൻ തന്നെയാണു ദർശകൻ; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങൾ ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങൾക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം. മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?”
1 SAMUELA 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 9:3-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ