ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോൾ ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി. ഉടൻതന്നെ ഇസ്രായേല്യരിൽനിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാൻ ശൗൽ കാട്ടാടിൻ പാറകളിലേക്കു പോയി. വഴിയരികിൽ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയിൽ വിസർജനത്തിനു പ്രവേശിച്ചു. ആ ഗുഹയിൽതന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാർത്തിരുന്നത്. അനുയായികൾ ദാവീദിനോടു പറഞ്ഞു: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോടു പ്രവർത്തിക്കാം എന്നു സർവേശ്വരൻ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു. അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു. ദാവീദ് അനുയായികളോടു പറഞ്ഞു: “എന്റെ യജമാനനെതിരായി ഒരു ദോഷവും പ്രവർത്തിക്കാൻ എനിക്ക് ഇടയാകരുതേ; അദ്ദേഹം സർവേശ്വരന്റെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ അനുയായികളെ നിയന്ത്രിച്ചുനിർത്തി; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി അവിടംവിട്ടു തന്റെ വഴിക്കു പോയി. ദാവീദ് ഗുഹയിൽനിന്നു പുറത്തുവന്ന്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു; രാജാവു തിരിഞ്ഞു നോക്കിയപ്പോൾ ദാവീദു സാഷ്ടാംഗം വീണു പറഞ്ഞു: “ഞാൻ അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകൾ അങ്ങു വിശ്വസിക്കുന്നതെന്ത്? ഇന്ന് ഈ ഗുഹയിൽ സർവേശ്വരൻ അങ്ങയെ എന്റെ കൈയിൽ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലർ അങ്ങയെ കൊല്ലാൻ എന്നോടു പറഞ്ഞു. എന്നാൽ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്റെ യജമാനനെതിരായി ഞാൻ കൈയുയർത്തുകയില്ല. അങ്ങു സർവേശ്വരന്റെ അഭിഷിക്തനാണ്;’ എന്റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്റെ കൈയിൽ. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാൻ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാൻ സന്ദർഭം തിരക്കി നടക്കുന്നു; നമ്മിൽ ആരാണ് തെറ്റുകാരൻ എന്നു സർവേശ്വരൻ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല; ദുഷ്ടത ദുഷ്ടനിൽനിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല; ആരെ തേടിയാണ് ഇസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? സർവേശ്വരൻ നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയിൽനിന്നു രക്ഷിക്കട്ടെ.”
1 SAMUELA 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 24:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ