ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം ചെന്ന് അവർക്കു കൊടുക്കുക. അവരുടെ സഹസ്രാധിപനു കൊടുക്കാൻ പത്തു പാൽക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.” അവരും ശൗൽരാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേൽസൈന്യം പോർ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തിൽ എത്തിയത്. ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു. കൊണ്ടുവന്ന സാധനങ്ങൾ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു. അവർ സംസാരിച്ചുകൊണ്ടു നില്‌ക്കുമ്പോൾ ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ നിരയിൽനിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു. ഗോല്യാത്തിനെ കണ്ടപ്പോൾ ഇസ്രായേല്യർ ഭയപ്പെട്ട് ഓടി. അവർ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവൻ തീർച്ചയായും ഇസ്രായേലിനെ നിന്ദിക്കാൻ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.” അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?” “ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവർ പറഞ്ഞു.
1 SAMUELA 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 17:17-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ