1 SAMUELA 16:8-13

1 SAMUELA 16:8-13 MALCLBSI

പിന്നീട് യിശ്ശായി തന്റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; അവനെയും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേൽ പറഞ്ഞു. അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വിളിച്ചു വരുത്തി; എന്നാൽ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സർവേശ്വരൻ ഇവരിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേൽ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവൻ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവൻ വന്നതിനുശേഷമേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേൽ പറഞ്ഞു. ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവൻ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.” ശമൂവേൽ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതൽ സർവേശ്വരന്റെ ആത്മാവ് ശക്തമായി ദാവീദിന്റെമേൽ വ്യാപരിച്ചു; പിന്നീട് ശമൂവേൽ രാമായിലേക്ക് മടങ്ങിപ്പോയി.

1 SAMUELA 16 വായിക്കുക