1 LALTE 3:3-10

1 LALTE 3:3-10 MALCLBSI

ശലോമോൻ സർവേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്തുപോന്നത്. ഒരിക്കൽ രാജാവ് യാഗംകഴിക്കാൻ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചിട്ടുണ്ടായിരുന്നു. ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” ശലോമോൻ പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പിൽ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലർത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ ഒരു പുത്രനെ നല്‌കുകയും ചെയ്തു. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാൻ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലൻ മാത്രം. അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ. ഈ വലിയ ജനതയെ ഭരിക്കാൻ ആർക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.” ശലോമോന്റെ ഈ പ്രാർഥന സർവേശ്വരനു ഹിതകരമായി.

1 LALTE 3 വായിക്കുക