1 KORINTH 13:1-13

1 KORINTH 13:1-13 MALCLBSI

ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളിൽ സംസാരിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും. എനിക്കു പ്രവാചകന്റെ സിദ്ധി ഉണ്ടായിരുന്നേക്കാം; എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും ഞാൻ ഗ്രഹിച്ചെന്നു വരാം. മലകളെ മാറ്റുവാൻ തക്ക വിശ്വാസവും എനിക്ക് ഉണ്ടായിരിക്കാം. എങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ള സർവസ്വവും ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കുവാൻ ഏല്പിച്ചുകൊടുത്താലും എനിക്കു സ്നേഹമില്ലെങ്കിൽ എല്ലാം നിഷ്ഫലം. സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല; സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങൾ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല. അത് അധർമത്തിൽ സന്തോഷിക്കാതെ സത്യത്തിൽ ആനന്ദംകൊള്ളുന്നു. സ്നേഹം എല്ലാം വഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം ക്ഷമയോടെ സഹിക്കുന്നു. സ്നേഹം അനശ്വരമാകുന്നു; പ്രവചനം മാറിപ്പോകും; അന്യഭാഷാഭാഷണം നിന്നുപോകും; ജ്ഞാനവും മറഞ്ഞുപോകും. എന്തെന്നാൽ നമ്മുടെ ജ്ഞാനം അപൂർണമാണ്; നമ്മുടെ പ്രവചനവും അപൂർണമാണ്. എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായത് അപ്രത്യക്ഷമാകും. ഞാൻ ശിശുവായിരുന്നപ്പോൾ എന്റെ സംസാരവും എന്റെ ചിന്തയും എന്റെ നിഗമനങ്ങളും ശിശുവിൻറേതുപോലെ ആയിരുന്നു. പക്വത വന്നപ്പോൾ ഞാൻ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദർശിക്കും. ഇപ്പോൾ എന്റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‌ക്കുന്നു. ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.

1 KORINTH 13 വായിക്കുക

1 KORINTH 13:1-13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും