Akara Njirimara YouVersion
Akara Eji Eme Ọchịchọ

ഉല്പത്തി 34

34
1ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി. 2എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി. 3അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു. 4ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു. 5തന്റെ മകളായ ദീനയെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു. 6ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു. 7യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു. 8ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം. 9നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‌വിൻ. 10നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു. 11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. 12എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു. 13തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു: 14ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. 15നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ 16ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. 17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും. 18അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു. 19ആ യൗവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു. 20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: 21ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക. 22എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്തു ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളു. 23അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു. 24അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു. 25മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. 26അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു. 27പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു. 28അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. 29അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. 30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു. 31അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.

Mee ka ọ bụrụ isi

Kesaa

Mapịa

None

Ịchọrọ ka echekwaara gị ihe ndị gasị ị mere ka ha pụta ìhè ná ngwaọrụ gị niile? Debanye aha gị ma ọ bụ mee mbanye