പുറപ്പാട് 18
18
1ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്തതൊക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായ മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു. 2അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറായെയും 3അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. ഞാൻ അന്യദേശത്തു പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരുത്തനു ഗേർഷോം എന്നു പേർ. 4എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ടു മറ്റവനു എലീയേസെർ എന്നു പേർ. 5എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവതത്തിങ്കൽ അവന്റെ അടുക്കൽ വന്നു. 6നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോടു പറയിച്ചു. 7മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു. 8മോശെ തന്റെ അമ്മായപ്പനോട് യഹോവ യിസ്രായേലിനുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതൊക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസമൊക്കെയും യഹോവ തങ്ങളെ രക്ഷിച്ച പ്രകാരവും വിവരിച്ചുപറഞ്ഞു. 9യഹോവ മിസ്രയീമ്യരുടെ കൈയിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു. 10യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കൈയിൽനിന്നും ഫറവോന്റെ കൈയിൽനിന്നും രക്ഷിച്ച് മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ. 11യഹോവ സകല ദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോട് അവർ അഹങ്കരിച്ച കാര്യത്തിൽ തന്നെ. 12മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു. 13പിറ്റന്നാൾ മോശെ ജനത്തിനു ന്യായംവിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു. 14അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്ത്? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനമൊക്കെയും രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്ക്കയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു. 15മോശെ തന്റെ അമ്മായപ്പനോട്: ദൈവത്തോട് ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു. 16അവർക്ക് ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. 17അതിനു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞത്: നീ ചെയ്യുന്ന കാര്യം നന്നല്ല; 18നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല. 19ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. 20അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക. 21അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകല ജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം പേർക്ക് അധിപതിമാരായും നൂറു പേർക്ക് അധിപതിമാരായും അമ്പതു പേർക്ക് അധിപതിമാരായും പത്തു പേർക്ക് അധിപതിമാരായും നിയമിക്ക. 22അവർ എല്ലാ സമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യമൊക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യമൊക്കെയും അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും. 23നീ ഈ കാര്യം ചെയ്കയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിനൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകുകയും ചെയ്യാം. 24മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ട്, അവൻ പറഞ്ഞതുപോലെയൊക്കെയും ചെയ്തു. 25മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരം പേർക്ക് അധിപതിമാരായും നൂറു പേർക്ക് അധിപതിമാരായും അമ്പതു പേർക്ക് അധിപതിമാരായും പത്തു പേർക്ക് അധിപതിമാരായും ജനത്തിനു തലവന്മാരാക്കി. 26അവർ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിച്ചുവന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യമൊക്കെയും അവർ തന്നെ തീർക്കും. 27അതിന്റെശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
Chwazi Kounye ya:
പുറപ്പാട് 18: MALOVBSI
Pati Souliye
Pataje
Kopye
Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.