Logo de YouVersion
Ícono Búsqueda

പുറപ്പാടു 27

27
1അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം. 2അതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതിൽനിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം. 3അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം. 4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം. 6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം. 7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. 8പലകകൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പർവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.
9തിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം. 10അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. 11അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. 12പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം. 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം. 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം. 15മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം. 16എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം. 17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം. 18പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം. 19തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.
20വിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ വിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോടു കല്പിക്ക. 21സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്നു മുമ്പിലുള്ള തിരശ്ശീലെക്കു പുറത്തു അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്തക്കവണ്ണം വെക്കേണം; ഇതു യിസ്രായേൽമക്കൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

Destacar

Compartir

Copiar

None

¿Quieres guardar tus resaltados en todos tus dispositivos? Regístrate o Inicia sesión