Logo de YouVersion
Ícono Búsqueda

സങ്കീർത്തനങ്ങൾ 99

99
1യഹോവ വാഴുന്നു; ജാതികൾ വിറയ്ക്കട്ടെ;
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനിൽ വലിയവനും
സകല ജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
3അവൻ പരിശുദ്ധൻ എന്നിങ്ങനെ
അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ന്യായതല്പരനായ രാജാവിന്റെ ബലത്തെ
നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു.
നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ;
അവൻ പരിശുദ്ധൻ ആകുന്നു.
6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,
അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും;
ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽനിന്ന് അവൻ അവരോടു സംസാരിച്ചു;
അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ,
നീ അവർക്കുത്തരമരുളി;
നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും
അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ വിശുദ്ധപർവതത്തിൽ നമസ്കരിപ്പിൻ;
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.

Destacar

Compartir

Copiar

None

¿Quieres guardar tus resaltados en todos tus dispositivos? Regístrate o Inicia sesión