YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 38

38
സങ്കീർത്തനം 38
ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.
1യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ
അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
2അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു,
തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.
3അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല;
എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.
4എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു
ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.
5എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ
എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.
6ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു;
ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.
7എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു;
എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.
8ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു;
ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.
9കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു;
എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.
10എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു;
എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
11എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു;
എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
12എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു,
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു;
ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.
13ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു,
സംസാരിക്കാനാകാത്ത മൂകനെപ്പോലെയും
14അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും
കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു
15യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.
16“എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ
ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.
17കാരണം ഞാൻ വീഴാറായിരിക്കുന്നു,
എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.
18എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.
19എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്;
അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.
20ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു
ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ,
അവർ എനിക്കു വിരോധികളായിരിക്കുന്നു.
21യഹോവേ, എന്നെ ഉപേക്ഷിക്കരുതേ;
എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.
22എന്റെ രക്ഷകനായ കർത്താവേ,
എന്റെ സഹായത്തിനായി അതിവേഗം വരണമേ.
യെദൂഥൂൻ എന്ന സംഗീതസംവിധായകന്.#38:22 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in