YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 30

30
സങ്കീർത്തനം 30
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,
ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു
എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
2എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,
അങ്ങ് എന്നെ സൗഖ്യമാക്കി.
3യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.
4യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;
അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
5കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,
എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;
വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,
എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.
6എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു,
“ഞാൻ ഒരുനാളും കുലുങ്ങുകയില്ല.”
7യഹോവേ, അവിടത്തെ പ്രസാദത്താൽ
അങ്ങ് എന്നെ പർവതംപോലെ#30:7 അതായത്, സീയോൻ പർവതംപോലെ ഉറപ്പിച്ചുനിർത്തി;
എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ,
ഞാൻ പരിഭ്രമിച്ചുപോകുന്നു.
8യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;
കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:
9“എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം
ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം?
ധൂളി അങ്ങയെ സ്തുതിക്കുമോ?
അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ?
10യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ;
യഹോവേ, എന്നെ സഹായിക്കണമേ.”
11അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;
അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,
12എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.
സംഗീതസംവിധായകന്.#30:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in