YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 141

141
സങ്കീർത്തനം 141
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.
2എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ;
ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.
3യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,
എന്റെ അധരകവാടം കാക്കണമേ.
4അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്
അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ.
എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി,
ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.
5നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്;
അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്.
എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല,
കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.
6അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ,
എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.
7അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ,
ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.”
8എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു;
ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.
9അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും
അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.
10ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ,
ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 141