YouVersion Logo
Search Icon

യിരെമ്യാവ് 30

30
ഇസ്രായേലിന്റെ വീണ്ടെടുപ്പ്
1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: 2“ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക. 3ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”
4ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു: 5“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു—
ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.
6ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ,
എന്ന് ഇപ്പോൾ ചോദിച്ചുനോക്കുക.
ഓരോ പുരുഷനും തന്റെ നടുവിൽ കൈവെച്ചുകൊണ്ട്
പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഇരിക്കുന്നതെന്ത്?
എല്ലാ മുഖങ്ങളും മരണഭയത്താൽ വിളറിയിരിക്കുന്നതും എന്തുകൊണ്ട്?
7അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു!
അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല.
അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും,
എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.
8“ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം
അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും,
അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും;
ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
9എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും
ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കാനിരിക്കുന്ന
തങ്ങളുടെ രാജാവായ ദാവീദിനെയും അവർ സേവിക്കും.
10“ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട,
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘ഞാൻ ദൂരത്തുനിന്നു നിങ്ങളെയും പ്രവാസദേശത്തുനിന്നു
നിങ്ങളുടെ സന്തതിയെയും രക്ഷിക്കും.
യാക്കോബിനു വീണ്ടും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും,
ആരും അവനെ ഭയപ്പെടുത്തുകയില്ല.
11ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ
ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും
ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല.
ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം;
ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’
12“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിങ്ങളുടെ പരിക്ക് സൗഖ്യമാകാത്തതും
നിങ്ങളുടെ മുറിവു വളരെ വലുതുമാകുന്നു.
13നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല,
നിന്റെ മുറിവിനു മരുന്നില്ല,
നിനക്കു രോഗശാന്തിയുമില്ല.
14നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു;
അവർ നിന്നെ അന്വേഷിക്കുന്നതുമില്ല.
ഒരു ശത്രു അടിക്കുന്നതുപോലെ ഞാൻ നിന്നെ അടിച്ചു,
ക്രൂരനായ ഒരുവൻ ശിക്ഷിക്കുന്നതുപോലെ ഞാൻ നിന്നെ ശിക്ഷിച്ചു;
കാരണം നിന്റെ അകൃത്യം വലുതും
നിന്റെ പാപങ്ങൾ അസംഖ്യവുമാകുന്നു.
15നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്?
നിന്റെ വേദനയ്ക്കു യാതൊരു ശമനവുമില്ല;
നിന്റെ അകൃത്യം വലുതും പാപങ്ങൾ അസംഖ്യവുമാകുകയാൽ
ഇതെല്ലാം ഞാൻ നിനക്കു വരുത്തിയിരിക്കുന്നു.
16“ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും;
നിന്റെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും.
നിന്നെ കൊള്ളയിടുന്നവരെല്ലാം കൊള്ളയിടപ്പെടും;
നിന്നെ ആക്രമിക്കുന്നവരെല്ലാം ആക്രമിക്കപ്പെടും.
17എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,
നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’
എന്ന് യഹോവയുടെ അരുളപ്പാട്.
‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട
സീയോൻ നീ ആകുകയാൽത്തന്നെ.’
18“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം
അവന്റെ നിവാസങ്ങളോടു കരുണകാണിക്കും;
ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും,
അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും.
19അവരിൽനിന്നു സ്തോത്രഗാനങ്ങളും
ആനന്ദഘോഷവും പുറപ്പെടും,
ഞാൻ അവരെ വർധിപ്പിക്കും;
അവർ കുറഞ്ഞുപോകുകയില്ല;
ഞാൻ അവരെ ആദരിക്കും;
അവർ നിന്ദിക്കപ്പെടുകയുമില്ല.
20അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും
അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും;
അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും.
21അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;
അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും.
ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും.
എന്റെ സമീപസ്ഥനായിരുന്നുകൊണ്ട്
എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
22‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും
ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ”
23ഇതാ, യഹോവയുടെ കൊടുങ്കാറ്റ്!
അതു ക്രോധത്തോടെ പൊട്ടിപ്പുറപ്പെടും,
ചീറിയടിക്കുന്ന ഒരു കൊടുങ്കാറ്റായി അതു പുറപ്പെട്ടിരിക്കുന്നു,
ദുഷ്ടന്മാരുടെ തലമേൽ അതു വന്നുപതിക്കും.
24യഹോവയുടെ ഉഗ്രകോപം
അവിടന്നു തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം
നിറവേറ്റുന്നതുവരെയും പിന്മാറുകയില്ല.
ഭാവികാലത്ത്
നിങ്ങൾ ഇതു മനസ്സിലാക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 30