YouVersion Logo
Search Icon

യെശയ്യാവ് 25

25
യഹോവയ്ക്കു സ്തോത്രം
1യഹോവേ, അങ്ങാണ് എന്റെ ദൈവം;
ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും,
കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;
അവിടത്തെ പുരാതന പദ്ധതികൾ
പരിപൂർണ വിശ്വസ്തതയുള്ളതാണ്.
2അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി,
കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു,
വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല;
അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല.
3അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും;
ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും.
4ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ
കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,
അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും
സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും
കൊടുങ്കാറ്റിൽ ഒരു ആശ്രയവും
ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.
5വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ
അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു;
മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ
അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു.
6സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ
സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും
നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—
ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.
7ഈ പർവതത്തിൽവെച്ച് അവിടന്ന്
സകലജനതകളുടെയുംമേലുള്ള ആവരണം,
എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;
8അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.
യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും
കണ്ണുനീർ തുടച്ചുകളയും;
തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്
സകലഭൂമിയിൽനിന്നും നീക്കിക്കളയും.
യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
9ആ ദിവസത്തിൽ അവർ പറയും,
“ഇതാ, നമ്മുടെ ദൈവം!
അവിടത്തേക്കായി നാം കാത്തിരുന്നു.
നാം കാത്തിരുന്ന യഹോവ ഇതാകുന്നു;
നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”
10യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും;
ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ
മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും.
11നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ,
അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും.
യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും
അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.#25:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
12അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും
അവയെ താഴെവീഴ്ത്തും;
നിലത്തെ പൊടിയോളം
അവിടന്ന് അവരെ നിലംപരിചാക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in