YouVersion Logo
Search Icon

മത്തായി 5

5
1അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. 2അവൻ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാൽ:
3ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ;
സ്വർഗരാജ്യം അവർക്കുള്ളത്.
4ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ;
അവർക്ക് ആശ്വാസം ലഭിക്കും.
5സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ;
അവർ ഭൂമിയെ അവകാശമാക്കും.
6നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ;
അവർക്കു തൃപ്തിവരും.
7കരുണയുള്ളവർ ഭാഗ്യവാന്മാർ;
അവർക്കു കരുണ ലഭിക്കും.
8ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ;
അവർ ദൈവത്തെ കാണും.
9സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ;
അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
10നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. 11എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 12സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. 14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. 15വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. 16അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
17ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. 18സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. 19ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. 20നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
21കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. 23ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ 24നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. 25നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. 26ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. 27വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. 29എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. 30വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. 31ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. 32ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വർഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; 35ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം. 36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. 37നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. 40നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. 41ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക. 42നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.
43കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; 45സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. 46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 48ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy