YouVersion Logo
Search Icon

യോഹന്നാൻ 8:28-59

യോഹന്നാൻ 8:28-59 MALOVBSI

ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നെ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചു തന്നതുപോലെ ഇത് സംസാരിക്കുന്നു എന്നും അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു. അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിനു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവംതന്നെ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായിവന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു. അതിനു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നത്: നിങ്ങളോ എന്നെ അപമാനിക്കുന്നു. ഞാൻ എന്റെ മഹത്ത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ട്. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഏതുമില്ല; എന്നെ മഹത്ത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ല് എടുത്തു, യേശുവോ മറഞ്ഞ് ദൈവാലയം വിട്ടുപോയി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy