YouVersion Logo
Search Icon

യോഹന്നാൻ 4:31-54

യോഹന്നാൻ 4:31-54 MALOVBSI

അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ടു ഗലീലയ്ക്കു പോയി. പ്രവാചകനു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിനു പോയി; അവൻ യെരൂശലേമിൽ വച്ചു പെരുന്നാളിൽ ചെയ്തതൊക്കെയും കണ്ടതുകൊണ്ട് അവനെ അംഗീകരിച്ചു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്ന് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ട് അവൻ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവർ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽതന്നെ എന്ന് അപ്പൻ ഗ്രഹിച്ചു താനും കുടുംബമൊക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy