YouVersion Logo
Search Icon

MARKA 10:32-52

MARKA 10:32-52 MALCLBSI

അവർ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാർ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവർ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികിൽ വിളിച്ച് തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി: “ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രൻ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും. അവർ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്റെമേൽ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.” സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു. “ഞാൻ എന്താണു നിങ്ങൾക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. അവർ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തിൽ അവിടുന്നു വാണരുളുമ്പോൾ ഞങ്ങളിലൊരുവൻ അങ്ങയുടെ വലത്തും അപരൻ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.” യേശു അവരോട്, “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു കുടിക്കുവാനും ഞാൻ ഏല്‌ക്കുന്ന സ്നാപനം ഏല്‌ക്കുവാനും നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാപനം നിങ്ങൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‌കുന്നത് എന്റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതായിരിക്കും.” ഇതു കേട്ടപ്പോൾ മറ്റു പത്തു ശിഷ്യന്മാർക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി. യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നു എന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല. നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആകണം. നിങ്ങളിൽ പ്രമുഖൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുവാനുമാണ്.” അവർ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോൾ, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാൾ ഉച്ചത്തിൽ വിളിച്ചുപറയുവാൻ തുടങ്ങി. “മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതൽ ഉച്ചത്തിൽ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു. യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു. അവർ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്‌ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. അയാൾ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു ചെന്നു. യേശു അയാളോട്: “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധൻ പറഞ്ഞു. യേശു അരുൾചെയ്തു: “പോകുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തൽക്ഷണം അയാൾ കാഴ്ചപ്രാപിച്ച് യാത്രയിൽ യേശുവിനെ അനുഗമിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy