Bible App logo
Search Icon

MARKA 10:1-31

MARKA 10:1-31 MALCLBSI

യേശു അവിടംവിട്ട് യോർദ്ദാന്റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങൾ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കൽ വന്നുചേർന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാൻ തുടങ്ങി. അപ്പോൾ പരീശന്മാർ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു. “പുരുഷൻ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചിട്ടുണ്ട്” എന്നവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. സൃഷ്‍ടിയുടെ ആരംഭത്തിൽത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. അതിനാൽ ഒരുവൻ തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും; അവർ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്. വീട്ടിൽവച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാർ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. ഒരു സ്‍ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താൽ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.” ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ അവരെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാർ അവരെ ശകാരിച്ചു. അതു കണ്ടപ്പോൾ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്റെ അടുക്കൽ വരുവാൻ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാൽ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു. അവിടെനിന്ന് യേശു യാത്ര തുടർന്നപ്പോൾ ഒരാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോട്, “എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധർമശാസനങ്ങൾ താങ്കൾക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. “ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാൻ പാലിക്കുന്നുണ്ട്” എന്ന് അയാൾ പറഞ്ഞു. യേശു സ്നേഹപൂർവം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കൾക്കു ഒരു കുറവുണ്ട്; പോയി താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ താങ്കൾക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” ഇതുകേട്ട് ദുഃഖിതനായിത്തീർന്ന അയാൾ, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാൽ അയാൾ വലിയ ധനികനായിരുന്നു. യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു. അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി. പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു. യേശു അരുൾചെയ്തു: “വാസ്തവം ഞാൻ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും. എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ പലരും മുമ്പന്മാരുമായിത്തീരും.

Free Reading Plans and Devotionals related to MARKA 10:1-31