YouVersion Logo
Search Icon

LUKA 10:25-37

LUKA 10:25-37 MALCLBSI

ഒരു നിയമപണ്ഡിതൻ യേശുവിന്റെ അടുക്കൽ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവൻ അവകാശമായി ലഭിക്കുവാൻ ഞാൻ എന്തു ചെയ്യണം!” യേശു പറഞ്ഞു: “ധർമശാസ്ത്രത്തിൽ എന്താണ് എഴുതിയിരിക്കുന്നത്? താങ്കൾ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?” “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാൾ ഉത്തരം പറഞ്ഞു. യേശു അയാളോട്: “താങ്കൾ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാൽ താങ്കൾ ജീവിക്കും” എന്നു പറഞ്ഞു. എന്നാൽ തന്റെ പ്രശ്നത്തെ ന്യായീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അയാൾ യേശുവിനോട്: “ആരാണ് എന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു. യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാൾ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉരിഞ്ഞു മർദിച്ച് അർധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു. ഒരു പുരോഹിതൻ യാദൃച്ഛികമായി അതുവഴി വന്നു. അയാൾ ആ മനുഷ്യനെ കണ്ടപ്പോൾ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി. അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്. എന്നാൽ ഒരു ശമര്യൻ തന്റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ് അയാൾ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അയാളുടെ മുറിവുകൾ വച്ചുകെട്ടിയശേഷം അയാളെ തന്റെ വാഹന മൃഗത്തിന്റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂർവം പരിചരിച്ചു. പിറ്റേദിവസം ആ ശമര്യൻ രണ്ടു ദിനാർ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.” യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് എന്നു താങ്കൾക്കു തോന്നുന്നു?” “അയാളോടു കരുണ കാണിച്ചവൻതന്നെ” എന്നു നിയമപണ്ഡിതൻ പറഞ്ഞു. യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy